“ഇത് വെറുമൊരു കഥയല്ല..അവൾ ചെല്ലമ്മ.. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ജീവിതം ഹോമിക്കുന്നവർ എന്നും എക്കാലത്തും എവിടേയും ഉണ്ടാകുമല്ലോ അതുപോലൊരു കഥാപാത്രമായിരുന്നു നർത്തകിയും ഗായികയുമായിരുന്ന ചെല്ലമ്മ എന്ന ഇരുപത് വയസ്സുകാരി പെൺകുട്ടി. ദേവാംഗനമാർ തോൽക്കും വിധം നൃത്തം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്യുമായിരുന്നു അവൾ.
കുപ്പിവളയും, പൊട്ടും, കല്ലുമാലയും, കസവുമുണ്ടുമണിഞ്ഞ് കൈയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ഇടവഴികളിലൊക്കെ പതിറ്റാണ്ടുകളോളം അലഞ്ഞു നടന്നിരുന്ന അവരെ പഴയ തലമുറയിലെ ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാവും. അവസാനം സ്വന്തം ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി യാത്രയായതും പത്മനാഭന്റെ ഈ നടയിൽ വെച്ചുതന്നെ.”