I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.
ഒരു കുന്ന് ഇഷ്ട്ടം ഒരു കുന്ന് നഷ്ടം ആരോടും പറയാതെ ആരും അറിയാതെ മിഴികളിൽ നിഴലായോ മൊഴികളിൽ അഴലായോ തെളിയാതെ പോലും എൻ മനസ്സിനുള്ളിലും ഇനിയുമേറെ ശിഷ്ടം. ബന്ധങ്ങളിത്രയും അരികിലണയവേ അറിയുന്നു ഞാൻ ബന്ധനം പോലുമിന്ന് ദുഃഖമെന്ന സത്യം.
രാത്രിയുടെ ഇരുൾ മനസ്സിൻ്റെ പൊരുളാകവേ അറിയുന്നു ഞാൻ എനിക്ക് നഷ്ടമായ എന്നിലേയ്ക്കുള്ള ദൂരം. പകലിൻ പ്രകാശം പോലും മനസ്സിൽ ഇരുൾനിറയ്ക്കവേ അറിയുന്നു ഞാൻ ചിന്നിച്ചിതറിയ ചിത്തം ദർപ്പണ തുല്യമെന്ന സത്യം
നടപ്പാദകളിലെ നിഴലിനെപ്പോലും ഭയത്തോടെ നോക്കും ഈറമാം മിഴികളിൽ പാതി തെളിഞ്ഞ ചിത്രങ്ങൾ പറഞ്ഞ കഥകളോ അനേകം. ഓരോ ചിത്രങ്ങളും കൂടെ നിൽക്കാത്ത മിത്രങ്ങളും കൂടുതൽ തളർത്തുമ്പോൾ മരണമല്ലാത്തൊരു വഴിയില്ലെന്ന് മന്ത്രിച്ചു മനസ്സ് പലവട്ടം.
മർത്ത്യരിൽ പലരും മരണത്തെ വെറുക്കുമ്പോൾ മരണത്തെകാളിന്ന് ജീവിതത്തെ ഭയക്കുന്നു ഞാൻ.” ഇത്തരം ചിന്തകൾ പായാത്ത ചിത്തങ്ങളില്ല. ഒറ്റപെടലിൻ നൊമ്പരമറിയാത്ത മർത്ത്യ ജന്മങ്ങളുമില്ല. ഇതിലും ഇരുണ്ട രാത്രികളും ഇതിലേറെ വിരണ്ട മാത്രകളും ഇനിയും നേരിട്ടേയ്ക്കാം. എങ്കിലും എന്നാലും മരണമെന്നത് ഉത്തരമല്ലൊന്നിനും.
തരണം ചെയ്യുക തന്നെ വേണം ഈ നേരത്തെയും സധൈര്യം അധരങ്ങളിൽ പുഞ്ചിരിയോടെ. മരണമെന്നത് ഉത്തരമല്ലൊന്നിനും. കടമകൾ എത്രയോ ബാക്കി നമ്മുക്ക് കടമ്പകൾ കടക്കുക എളുപ്പമല്ലെന്ന് അറിയുമെങ്കിലും. മരണമെന്നത് ഉത്തരമല്ലൊന്നിനും. അറിയുക മർത്ത്യാ ജീവൻ നിന്നുടെതാകിലും അതൊടുക്കാൻ വിധിച്ചവൻ നീയല്ലാ എന്ന ലോകസത്യം.